Friday, July 26, 2013

ഫേസ്ബുക്ക്‌ ഉണ്ടോ സഖാവേ ഒരു പ്രോഫൈലുണ്ടാക്കാൻ.....


ഫേസ് ബുക്ക്‌ അക്കൗണ്ട്‌ ഇല്ലാത്തവരായി നമ്മുടെ ഇടയിൽ ഒരുത്തനും ഒരുത്തിയും ഇന്ന് അവശേഷിക്കുന്നില്ല. കേരളം ഒരു ഭ്രാന്താലയമാണ് എന്ന് വിശേഷിപ്പിച്ച വിവേകാനന്തന്റെ വാക്കുകൾ തിരുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഇനിമുതൽ വേണമെങ്കിൽ കേരളം ഒരു ഫേസ്ബുക്ക്‌ ഭ്രാന്താലയമാണ് എന്നും പറയാം.ചില മഹാന്മാരും മഹദികളും വെള്ളവും ആഹാരവും ഇല്ലെങ്കിലും പിടിച്ചുനിൽക്കും പക്ഷെ ഒരുദിവസം ഫേസ് ബുക്കിൽ കയറിയില്ലങ്കിൽ പിന്നെ ഒരുതരത്തിലും പിടിച്ചുനിൽക്കാൻ കഴിയില്ല. സ്വന്തം വീട്ടുകാരോടുപോലുമില്ലാത്ത ആത്മാർഥതയും അർപ്പണബോധവുമാണ് എല്ലാ അവന്മാർക്കും അവളുമ്മാർക്കും ഫേസ് ബുക്കിനോട്.നേരിട്ട് കണ്ടു സംസാരിക്കുന്നതിനേക്കാൾ ഫേസ് ബുക്കിലൂടെ ചാറ്റ് ചെയ്യുന്നതാണ് എല്ലാവർക്കും ഇഷ്ടം. ഫേസ് ബുക്കിനു മുമ്പിൽ ചാറ്റ് ചെയ്തുകൊണ്ടിരുന്നാൽ പിന്നെ ആകാശം ഇടിഞ്ഞു വീണാലും അറിയില്ല. സ്വന്തം അച്ഛൻ അല്ലങ്കിൽ അമ്മ ഒന്നു വിളിച്ചാൽ നമുക്ക് ദേഷ്യം വരും. ഗേൾ ഫ്രണ്ട് അല്ലങ്കിൽ ബോയ്‌ ഫ്രെണ്ടോ ആണങ്കിൽ പിന്നെ പറയുകയേ വേണ്ട. ചില ആളുകൾ സ്മാർട്ട്‌ ഫോണിന്റെ സഹായത്തോടെ ഫേസ് ബുക്കിലങ്ങു പെറ്റുകിടക്കുകയാണ്. ഇക്കൂട്ടർക്കു സ്വന്തം വീട്ടിൽ നടക്കുന്ന കാര്യങ്ങൾ അറിഞ്ഞില്ലങ്കിലും ഫേസ് ബുക്കിൽ നടക്കുന്ന കാര്യം അപ്പോൾ തന്നെ അറിഞ്ഞില്ലങ്കിൽ ചോറിഞ്ഞുകടിക്കാൻ തുടങ്ങും. ചോറുകഴിക്കുന്നതിൻറെ ഇടയിൽ ഫോണുമായി ചുരണ്ടിക്കൊണ്ടിരിക്കുന്നവരോട് ശകലം കറി വിളമ്പെട്ടേ എന്ന് ചോദിച്ചാൽ "വേണ്ട ഇ പോസ്റ്റുകൊണ്ട് അഡ്ജസ്റ്റ് ചെയ്തോളാം" എന്നുവരെ മറുപടി പറയുന്ന മഹത്വ്യക്തികൾ നമുക്കിടയിലുണ്ട്.

ഇനി ഫേസ് ബുക്കിൽ കയറിക്കഴിഞ്ഞാൽ പലർക്കും പലതരത്തിലുള്ള വിഷമങ്ങളാണ്.ചിലർ കാണുന്ന പോസ്റ്റുകൾക്കും കമെന്റ്റ്കൾക്കും ചുമ്മ ലൈക്‌ ചെയ്തുവിടും. എന്താണ് പോസ്റ്റ്‌ എന്ന് വായിച്ചുനോക്കാൻ പോലും തയ്യാറല്ല ഇക്കൂട്ടർ.1 like or share =1 salute,1like contribute 1rupee for these people എന്നൊക്കെ പടങ്ങളിൽ എഴുതി ചിലർ ലൈക്കുകളും കമന്റും എല്ലാം ചോദിച്ചുവാങ്ങും.ഏതെങ്കിലും പാവപ്പെട്ടവൻറെ ഫോട്ടോയോ അല്ലങ്കിൽ വല്ല ധീരപ്രവർത്തി കാണിക്കുന്ന ഫോട്ടോയോ പോസ്റ്റ്‌ ചെയ്താണ് ഇ കോപ്രായം കാണിക്കുന്നത്.ചിലർക്ക് 24 മണിക്കൂറും ചാറ്റ് ചെതുകൊണ്ടിരിക്കാനാണ് താൽപര്യം. ചിലകൂട്ടർ മറ്റുള്ളവരുടെ പേരിലും സിനിമ നടിമാരുടെ പേരിലും അക്കൗണ്ടും പേജുകളമൊക്കെ തുടങ്ങി മറ്റു ഫേസ് ബുക്ക്‌ അംഗംങ്ങളെ പറ്റിക്കും. വേറൊന്നും കൊണ്ടല്ല വിഷമം കൊണ്ടാണ് !!!! മറ്റുചിലർ യാതൊരു പരിചയവുമില്ലത്തവർക്കു ഫ്രണ്ട് റിക്വസ്റ്റ് അയച്ചുകൊണ്ടിരിക്കും. ഇത്തരം ഭ്രാന്തുകൾക്ക് എത്രനേരം ചിലവാക്കിയും മലയാളി ഫേസ് ബുക്കിന് മുമ്പിൽ കുത്തിയിരിക്കും. ആ ഇരിപ്പൊക്കെ കണ്ടാൽ സഹിക്കാൻ പറ്റില്ല.

0 comments:

Post a Comment

Comment and Discuss